Darul Ifta Kauzariyya

അറവ്

Qu-Id: Q0663
Madhab: Shafii
Date: 20-10-2026
Question:

ഒരു ജീവിയെ അറക്കുമ്പോൾ അത് ഹലാൽ മാംസം ആവാൻ എന്തെല്ലാം ശ്രദ്ധിക്കണം

നമ്മുടെ നാട്ടിലെ കടകളിൽ നമസ്കാരം പോലും നിർവഹിക്കാത്തവർ

ഒരു ശ്രദ്ധയും ഇല്ലതെ ഒന്നിനെ അറുത്ത ചോര പോലും കഴുകാതെ അറക്കുന്ന മാംസം നമുക്ക് ഹലാൽ ആണോ..

ഹോട്ടലിൽ നിന്നും കല്യാണ വീട്ടിൽ നിന്നും കഴിക്കുമ്പോൾ അത് എങ്ങനെ അറുത്തതാണ് എന്ന് നമുക്ക് ഉറപ്പില്ലാത്ത കാരണത്താൽ ആ മാംസം കഴിക്കുന്നത് ഹലാൽ ആകുമോ





Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح



ശാഫി മദ്ഹബ് അനുസരിച്ച് നാല് ഘടകങ്ങൾ ചേരുമ്പോഴാണ് അറവ് സംഭവിക്കുക. അറുക്കുന്നയാൾ, അറുക്കപ്പെടുന്ന ജീവി, അറവിൻ്റെ ആയുധം, അറവ് എന്നിവയാണവ.
ഇതിൽ അറുക്കുന്നയാൾ മുസ്‌ലിമായിരിക്കുക എന്നതും  അയാൾ ഉദ്ദേശ്യപൂർവം അറുക്കണം എന്നതും പ്രധാന നിബന്ധനയാണ്.  അറുക്കുന്ന സമയത്ത് മൃഗത്തിന് വ്യക്തമായ ജീവൻ (ഹയാത്തുൻ മുസ്തഖിറ) ഉണ്ടായിരിക്കണം അഥവാ അറുക്കുന്ന സമയത്ത് സ്വയേഷഷ്ടപ്രകാരം ശരീരം ചലിപ്പിക്കാൻ കഴിയുന്ന നിലയിൽ ജീവൻ ഉണ്ടായിരിക്കണം. പൂർണ്ണമായും ചാവറായതോ അല്ലെങ്കിൽ ചത്തതോ ആയ മൃഗത്തെ അറുത്താൽ അത് ഹലാലാവുകയില്ല.
ഇപ്രകാരം അറവ് നടത്താനുപയോഗിക്കുന്ന ആയുധം പല്ല്, നഖം, എല്ല് എന്നിവയല്ലാത്തതും മൂർച്ചയുള്ളതുമായിരിക്കണം.അറുക്കപ്പെടുന്ന മൃഗത്തിൻ്റെ  ശ്വാസനാളവും അന്നനാളവും പൂർണമായും മുറിഞ്ഞിരിക്കണമെന്നതും ഒറ്റത്തവണയായി അറുക്കുക എന്നതുംനിബന്ധനയാണ് അഥവാ കത്തി കഴുത്തിൽ വെച്ച് ഒരൊറ്റ നീക്കത്തിൽ (തുടർച്ചയായി) ശ്വാസനാളവും അന്നനാളവും മുറിച്ചു മാറ്റണം. കത്തി കഴുത്തിൽ നിന്ന് എടുത്ത് മാറ്റി കുറേ സമയത്തിന് ശേഷം വീണ്ടും അറുത്താൽ അത് ഹലാലാവില്ല.
മുകളിൽ പറയപ്പെട്ട ഈ നാലു കാര്യങ്ങൾ പൂർണമായാൽ ഷാഫി മദ്ഹബ് അനുസരിച്ച് അറവ് പൂർണ്ണമാകുന്നതാണ്

B) ദീനിബോധമില്ലെങ്കിലും, മുസ്ലിമായ ഒരാൾ അറുത്ത് ശ്വാസനാളവും അന്നനാളവും ശരിയായ രീതിയിൽ മുറിഞ്ഞിട്ടുണ്ടെങ്കിൽ ആ ഇറച്ചി പൂർണ്ണമായും ഭക്ഷിക്കാവുന്നതാണ്. എങ്കിലും, ദീനീബോധവും തഖ്‌വയുമുള്ള വ്യക്തികളെക്കൊണ്ട് അറുപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം.

C)  അറുത്തത് എങ്ങനെയാണെന്ന് വ്യക്തമായി അറിയാത്തതുകൊണ്ട് മാത്രം ആ മാംസം ഹറാമാകുന്നില്ല.മുസ്ലിങ്ങൾ വളരെ കൂടുതലുള്ള പ്രദേശമാകുകയോ  അറുത്ത വ്യക്തി നേരിട്ട് പറയുകയോ ചെയ്താൽ അത് ഭക്ഷിക്കാവുന്നതാണ് അല്ലെങ്കിൽ ഹറാമാണ് . എന്നാൽ നിങ്ങൾക്ക് ഏതെങ്കിലും പ്രത്യേക സാഹചര്യത്താൽ അത് ഹലാലല്ല എന്ന് ശക്തമായ തെളിവോടുകൂടി ബോധ്യപ്പെടുകയോ, അല്ലെങ്കിൽ മനസ്സിൽ കടുത്ത സംശയമുണ്ടാവുകയോ ചെയ്താൽ അത് ഒഴിവാക്കേണ്ടതാണ്. 

أن ذبح الحيوان البري المقدور عليه بقطع كل حلقوم - وهو مخرج النفس - وكل مرئ - وهو مجرى الطعام تحت الحلقوم - بكل محدد يجرح غير عظم، وسن، وظفر - كحديد - وقصب، وزجاج
فتح المعين كتاب الحج
وتحرم مذبوحة ملقاة ، وقطعة لحم بإناء إلا بمحل يغلب فيه من تحل ذكاته ، وإلا إن أخبر من تحل ذبيحته ، ولو كافرا بأنه ذبحها
تحفة المحتاج كتاب الصيد 9/315
والله أعلم بالصواب
Scholarly Verification & Certification