Darul Ifta Kauzariyya

രണ്ട് വയസ്സിന് താഴെയുള്ള ആൺകുഞ്ഞുങ്ങൾക്ക് സ്വർണം ധരിക്കുന്നത്

Qu-Id: Q0704
Madhab: Shafii
Date: 24-11-2026
Question:

ശാഫിഈ മദ്ഹബ് പ്രകാരം രണ്ട് വയസ്സിന് താഴെയുള്ള ആൺകുഞ്ഞുങ്ങൾക്ക് സ്വർണം ധരിക്കുന്നത് അനുവദനീയമാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ തബ്ലീഗ് പ്രവർത്തന മേഖലയിലുള്ള പല ഉലമാക്കളും, ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായിരിക്കെപ്പോലും, ചെറിയ ആൺകുട്ടികൾക്ക് സ്വർണം ധരിക്കുന്നത് ഹറാമാണെന്ന് പറയുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇവിടെ എനിക്ക് ചില സംശയങ്ങളുണ്ട്:

  1. ശാഫിഈ മദ്ഹബിലെ പ്രാമാണികമായ വിധി പ്രകാരം രണ്ട് വയസ്സിന് താഴെയുള്ള ആൺകുഞ്ഞുങ്ങൾക്ക് സ്വർണം ധരിക്കുന്നത് അനുവദനീയമാണോ?
  2. അനുവദനീയമാണെങ്കിൽ, തബ്ലീഗ് പ്രവർത്തന മേഖലയിലെ ചില ഉലമാക്കൾ അത് ഹറാമാണെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്?
  3. ഇത് അനുവദനീയമല്ലെങ്കിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെപ്പോലെയുള്ള കേരളത്തിലെ പ്രമുഖ പണ്ഡിതസഭകൾ ചെറിയ ആൺകുട്ടികൾക്ക് സ്വർണം ധരിക്കാമെന്ന നിലപാട് സ്വീകരിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്?
  4. ശാഫിഈ മദ്ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങളിലും ഉസൂലുകളിലും വ്യക്തമായ വിധിയുണ്ടെങ്കിൽ, അതിനെ പരിഗണിക്കാതെ വ്യത്യസ്തമായ ഒരു വിധി പറയുന്നതിന്റെ മതപരമായ അടിസ്ഥാനം എന്താണ്?

എന്റെ പ്രധാന സംശയം: ഒരേ ശാഫിഈ മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ വരാൻ കാരണമെന്താണ്? ഇതിൽ ഖുർആൻ, ഹദീസ്, ശാഫിഈ മദ്ഹബിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തമായ വിശദീകരണം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു.


Answer:
بسم الله الرحمن الرحيم
الجواب وبالله التوفيق والنجاح

രണ്ടു വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്ക് സ്വർണാഭരണം ധരിപ്പിക്കുന്നത് ഷാഫി മദ്ഹബ് പ്രകാരം അനുവദനീയമാണ്. ഷാഫി മദ്ഹബിന്റെ ആധികാരിക ഗ്രന്ഥങ്ങളിൽ ഈ വിഷയം സംശയത്തിനിട ഇല്ലാത്ത രീതിയിൽ വിവരിച്ചിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ആൺകുട്ടികൾ മുതിർന്ന പുരുഷന്മാരെ പോലെ അല്ലെന്നും ഈ വിഷയത്തിൽ പുരുഷന്മാർക്കുള്ള നിരോധനം കുട്ടികൾക്ക് ബാധകം അല്ലെന്നും അനുവദനീയമാണ് എന്നതിനർത്ഥം ഹറാം ആകുകയില്ല എന്നാണെന്നും പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഷാഫി മദ്ഹബിലെ പ്രബലമായ വീക്ഷണം.
തുഹ്ഫതുൽ മുഹ്താജ്, ഫത്ഹുൽ മുഈൻ പോലുള്ള ഗ്രന്ഥങ്ങളിലും മറ്റും
ഇത് വിവരിച്ചിട്ടുണ്ട്.
കുട്ടികൾക്ക് സ്വർണം ധരിപ്പിക്കൽ ഹറാമാണെന്നത്
ഹനഫി, ഹമ്പലി മദ്ഹബുകളുടെ വീക്ഷണമാണ്. എന്നാൽ ഷാഫി മദ്ഹബിലെ ചില പണ്ഡിതന്മാർക്ക് ഹറാമാണെന്ന് അഭിപ്രായമുള്ളതായി മജ്മൂഇൽ ഇമാം നവവി റഹ്മത്തുള്ളാഹി അലൈഹി ഉദ്ധരിച്ചിട്ടുണ്ടെങ്കിലും ഷാഫി മദ്ഹബിലെ പ്രബലമായ അഭിപ്രായം അനുവദനീയമാണ് എന്നത് തന്നെയാണ്

(ولها) وللصبي والمجنون لبس انواع حلي الذهب والفضة
تحفة المحتاج ٢٧٩/٣
يحل الذهب والفضة بلا سرف لامرأة وصبي اجماعا
فتح المعين -باب الزكاة
وفائدة ان لهما ذلك انه لا حرمة على وليهما في الباسهما ما ذكر
شرواني ٢٧٩/٣
وحاصل المنقول في تحلية ولي الصبيان بالذهب والفضة ثلاثة اوجه..... واصحها جواز تحليتهم ما داموا صبيانا ونقله البغوي والاصحاب عن نص الشافعي رضي الله عنه والثاني تحريمه والثالث يجوز قبل سبع سنين
المجموع ٣٦/٦ باب الزكاة
والله أعلم بالصواب
Scholarly Verification & Certification