Multi-Level Marketing അനുവദനീയമാണോ?
പരിശുദ്ധ ഇസ്ലാമിൽ ഒരു കാര്യം അനുവദിനീയമാകുന്നത് അടിസ്ഥാനമായി മൂന്ന് കാര്യങ്ങൾ പ്രധാനമാണ്.
1) ചെയ്യുന്ന കാര്യം അനുവാദമുള്ളതാകുക
2) ലക്ഷ്യം അനുവദിക്കപ്പെട്ടതാകുക
3) ചെയ്യുന്നരീതി അനുവദിക്കപ്പെട്ടതാകുക
ഇതിൽ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാൽ അത് അനുവദിക്കപ്പെടുന്നതല്ല. താങ്കൾ വിവരിച്ച കമ്പനിയുടെ ഇടപാടുകൾ ശറഇന് വിരുദ്ധമായ രീതിയിലാണ് നടത്തപ്പെടുന്നത്, ആയതിനാൽ അതിൽ അംഗമാകാനോ അതിൻറെ കമ്മീഷൻ പറ്റാനോ അനുവാദമില്ല.
കമ്പനി നൂറ് ശതമാനം സുതാര്യത അവകാശപ്പെടുന്നതു കൊണ്ടോ, അതിൻറെ പ്രോഡക്റ്റുകളെല്ലാം ഹലാൽ ആയതുകൊണ്ടോ ഇടപാട് നടത്തുന്ന രീതി ഹലാൽ ആകണമെന്നില്ല. ഉദാഹരണത്തിന് താങ്കൾ വിവരിച്ച ആളുകളെ ചേർത്തു കമ്മീഷൻ കൈപറ്റുന്ന രീതിയെ (MULTI LEVEL MARKETING) ശറഇന്റെ വീക്ഷണത്തിൽ ‘ഇജാറ’ എന്നറിയപ്പെടുന്നു. ഇവിടെ ഒരു വ്യക്തിക്ക് അതിൽ ബന്ധപ്പെടാൻ 20000 രൂപയുടെ വസ്തുക്കൾ വാങ്ങൽ നിബന്ധനയാണ്. എന്നാൽ ഇപ്രകാരമുള്ള നിബന്ധനകൾ വെക്കുന്നതിനെ ഇസ്ലാം തടയുന്നു.
ഇമാം അഹമ്മദ് റിപ്പോർട്ട് ചെയ്യുന്ന ഒരു ഹദീസിൽ കാണാം نهى رسول الله صلى الله عليه وسلم عن صفقتين في صفقة واحدة المسند للإمام أحمد بن حنبل (ഒരു ഇടപാടിൽ രണ്ട് ഇടപാടിനെ കടത്തുന്നത് തങ്ങൾ തടഞ്ഞിരിക്കുന്നു.) മാത്രമല്ല ഇവിടെ താൻ ചേർത്ത വ്യക്തി മറ്റൊരാളെ കമ്പനിയുടെ ഭാഗമാക്കാനും ആകാതിരിക്കാനും സാധ്യതയുണ്ട്. ഇപ്രകാരം സാധ്യതകളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തിൽ കിട്ടുന്ന വരുമാനം ഇസ്ലാം നിരോധിച്ച ചൂതാട്ടത്തിൽ പെടുന്നതാണ് . ഈ വിഷയകമായി ഖുർആൻ ആയത്തും ഹദീസും അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര പണ്ഡിതർ വിവരിച്ചിട്ടുണ്ട് ( الأصل أن تعليق الأملاك بالأخطار باطل ( أصول البزدوي١/٣٧٢ (സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുള്ളവയുമായി ഉടമസ്ഥതയെ ബന്ധിപ്പിക്കൽ അസാധുവാണ്.) ഈ അടിസ്ഥാന നിദാനമനുസരിച്ച് പരിശോധിക്കുമ്പോൾ നെറ്റ്‌വർക്ക് മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ഈ ഇടപാട് തീർത്തും ശറഇന് വിരുദ്ധമാണ്.
ഈ വിവരണത്തിലൂടെ താങ്കൾ അക്കമിട്ട് ചോദിച്ച ചോദ്യത്തിനുള്ള മറുപടി താഴെ കൊടുക്കുന്നു
1) MLM കമ്പനിയിൽ അംഗമാകൽ അനുവദനീയം അല്ല.
2) നെറ്റ്‌വർക്കിംഗ് സ്കീമിൽ കിട്ടുന്ന കമ്മീഷൻ ഹലാൽ അല്ല.
3) മുകളിൽ പറയപ്പെട്ട ശറഇന് നിരക്കാത്ത നിബന്ധനകൾ ഉള്ളത് കൊണ്ട്, ഡയറക്ട് മാർക്കറ്റിംഗ് അനുവദനീയം അല്ല.
4) MLM കമ്പനികൾ തുടങ്ങുന്നതും, അംഗമാവുന്നതും അനുവദനീയം അല്ല.